Monday 10 October 2016

ഒരു വട്ടം കൂടിയെന്‍....


ആദ്യത്തെ പ്രണയവും ആദ്യത്തെ കോളേജും ലോകത്തിലാരും മറക്കാറില്ലെന്നാണ് തോന്നാറ്‌.സ്ക്കൂളുകളിലെ യൂണിഫോമിന്റെ മുഷിപ്പില്‍ നിന്നും നിറങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള ആ പിച്ചവെപ്പ് എങ്ങനെ മറന്ന്‌ കളയും? അച്ചടക്കത്തോടെ പകലൊട്ടുക്ക് ക്ലാസ്സുകളില്‍ ഉറക്കം തൂങ്ങിയിരുന്നവരുടെ ക്ലാസ്സ് കട്ടുകളിലേക്കുള്ള ആഘോഷങ്ങളുടെ വളര്‍ച്ചയാണത്. പലതരം കോളെജുകളുണ്ടെങ്കിലും എന്നെ യൂണിഫോമുള്ള ക്രിസ്റ്റ്യന്‍ മാനേജ്മെന്റ്‌ കോളേജിലയക്കാനായിരുന്നു വീട്ടുകാര്‍ക്ക് താല്പര്യം.എന്നാല്‍ റിസല്‍ട്ട്‌ വന്നതോടെ അതിനൊരു തീരുമാനമായി. അവരുടെ നടക്കാത്ത സ്വപ്നം എനിക്ക് സന്തോഷത്തിനു കാരണമായി, എല്ലാ ഗവണ്‍മ്മെന്റ് മിക്സഡ്‌ കോളെജുകളും എന്റെ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ നിറപകിട്ടേകി.

എന്നാല്‍ മാര്‍ക്കിന്റെ ആധിക്യം കാരണം ഒരു വിധപ്പെട്ട എല്ലാ കോളെജുകളും എന്നെ തഴഞ്ഞെന്നറിഞ്ഞപ്പോള്‍ ഞാന്‍ അടുത്തുള്ള ടാഗൊര്‍ ട്യൂട്ടോറിയലില്‍ അഭയം പ്രാപിച്ചു. എന്നെ പോലെ ഇത്രയധികം ആള്‍ക്കാരുണ്ടെന്ന അറിവില്‍ ഇത്തിരി പ്രയാസത്തോടെ ഇതായിരിക്കും എന്റെ ഇടമ്മെന്ന് മനസ്സിലുറപ്പിച്ചു. ആ  ആഗസ്റ്റ്‌ അവസാനത്തിലാണ് സെന്റ് അലോഷ്യസില്‍ നിന്നും അഡ്മിഷന്‍ കാര്‍ഡ്‌ എത്തുന്നത്‌. സന്തോഷത്തിനു പകരം ദേഷ്യമാണ് തോന്നിയത്. എന്നാലമ്മ  വളരെ സന്തോഷത്തിലായിരുന്നു. എല്‍ എഫും വിമലയുമൊന്നുമല്ലേലും ക്രിസ്റ്റ്യന്‍ മാനേജ്മെന്റ് കോളേജാണല്ലോ..മിക്കവാറും യൂണിഫോമും ഉണ്ടാകും എന്നമ്മ പ്രത്യാശിച്ചു. അങ്ങനെയാണെങ്കില്‍ ടാഗോറില്‍ തുടരുന്നതാ ഭേദം എന്ന്‌ ഞാനും ഉറപ്പിച്ചു.

അമ്മയോട് എന്തൊക്കെ പറഞ്ഞിട്ടും അലോഷ്യസിലേക്ക് പോകാന്‍ തന്നെ തീരുമാനമായി. ഒരു മണിക്കൂര്‍ യാത്ര, അതിരാവിലെയുള്ള ഉണരല്‍, ഇതിനോളം ബുദ്ധിമുട്ടെന്തിനുണ്ടെന്നാണ് ഞാനാലോചിച്ചത്‌. ഇത്ര നേരം കാറ്റടിച്ച്‌ എനിക്ക് ജലദോഷം വരും, മനക്കൊടി പാടത്തെ ചീഞ്ഞ മണം കേട്ടാ, ബസിലെ കിളികളെ ഞാന്‍ പ്രേമിച്ചാലൊ എന്നു തുടങ്ങി ഉടക്കു ന്യായങ്ങള്‍ കുറേ പറഞ്ഞിട്ടും അമ്മക്ക് കുലുക്കമില്ല. എല്‍തുരുത്തില്‍ നിന്നും ഓട്ടോയില്‍ കയറി യാത്ര തുടങ്ങിയപ്പോള്‍ ശരിക്കും എന്റെ നിയന്ത്രണം വിട്ടിരുന്നു. അനവധി വളവുകള്‍ തിരിവുകള്‍ ആളനക്കമധികമില്ലാത്ത അവസാനമില്ലാത്ത റോഡ്, എവിടേക്കാ ചേട്ടാ കാട്ടിലേക്കാണോ പോണെ എന്ന്‌ അസഹ്യത മൂത്ത്‌ ചോദിക്കേം ചെയ്തു.


എന്നാല്‍ കോളേജിന്റെ ആദ്യ ഗേറ്റെത്തുന്നതിനു മുന്‍പേ വച്ചു തന്നെ എല്‍തുരുത്തിന്റെ ശാന്തത എന്നിലും പകരാന്‍ തുടങ്ങിയിരുന്നു. റോഡിന്റെ ഇരു സൈഡിലും ഇടതൂര്‍ന്ന വാഴത്തോട്ടങ്ങള്‍, അതിനിടയിലൂടെ നിലാവെട്ടം വീണപോലെ വെയിലടിച്ച്‌  തിളങ്ങുന്ന വെള്ളം നിറഞ്ഞ കോള്‍പ്പാടം, വല്ലാത്ത നിശബ്ദതയും…..ആ നിമിഷം മുതല്‍ ഞാന്‍ അലോഷ്യസിനെ സ്നേഹിച്ചു തുടങ്ങിയിരുന്നു.

അതിവിശാലവും , നിരവധി പടികളുള്ള പള്ളിക്കു മുന്‍പിലാണ് ഓട്ടോ നിന്നത്‌. മുന്‍പ്പിലാകട്ടെ വന്‍പന്‍ പച്ചകുട നിവര്‍ത്തി പിടിച്ച പോലെ ഒരു മദിരാശി മരം.. അതിന്റെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന  വേരുകള്‍ക്കിടയില്‍ നിറങ്ങളുടെ ഉത്സവമെന്നോണം നിരന്നിരിക്കുന്ന കുട്ടികള്‍.ദൂരെ മലകളുടെ നേര്‍ത്ത രേഖ കാണിച്ച്, വെള്ളം നിറഞ്ഞ്‌ വെയിലില്‍ തിളങ്ങി കിടക്കുന്ന കോള്‍ പാടം. മുട്ടുകാലൊപ്പം പൊക്കത്തില്‍ പുല്ലു നിറഞ്ഞ ഗ്രൌണ്ട്, അതിനിടയിലൂടെ നീണ്ടു കിടക്കുന്ന ഒറ്റവരി നടപ്പാത..ഏതൊക്കെയോ റൊമാന്റിക്ക്‌ സിനിമകളില്‍ കണ്ടുമറന്ന അടയാളങ്ങള്‍ എനിക്ക്‌ മുന്‍പില്‍ നിവര്‍ത്തിയിട്ട്‌ അലോഷ്യസ്‌ ചിരിച്ചു.



അന്ന്‌ ഒരു സമരദിവസമായിരുന്നു. ഞങ്ങള്‍ ഓഫീസില്‍ ചെല്ലുമ്പോള്‍ പ്രിന്‍സിപ്പാളും, സൂപ്രണ്ടും സമരനേതാക്കളും കൂടെ കലശലായ തര്‍ക്കം നടക്കുന്നു. പ്യൂണ്‍ ഹരിക്കുട്ടന്‍ വന്ന് അരമണിക്കൂ‍ര്‍ കഴിഞ്ഞേ അഡ്മിഷന്‍ നടക്കൂ എന്നറിയുച്ചു. എന്നെ കൂടാതെ 5 പേര്‍ കൂടി ഉണ്ടായിരുന്നു അഡ്മിഷന്. ഞങ്ങളെല്ലാരും കൂടെ നേരെ പോയത് കാന്റീനിലേക്കായിരുന്നു.

കോള്‍പ്പാടത്തെ തണുത്ത കാറ്റ്‌ എന്റെ വിടത്തിയിട്ട മുടിക്കുള്ളിലൂടെ ഇക്കിളിയിട്ട് പാഞ്ഞു. കണ്ണത്താദൂരം ആകാശമതിരിട്ട് കിടക്കുന്ന പാടത്തിനിടയില്ലൂടെ ബണ്ട്‌ റോഡുകള്‍ ആകാശത്തേക്കാണോ വഴി കാട്ടുന്നതെന്ന് സംശയിച്ച്, ആലീസ് അത്ഭുത ലോകത്തില്‍ പെട്ട പോലെ ഞാന്‍ കാന്റീന്‍ പുറത്ത്‌ നിന്നു. മനസ്സിലപ്പോള്‍ ഇതാണ് ഇതു മാത്രമാണെന്റെ ഇടമെന്ന്‌ വീണ്ടും വീണ്ടും ഉറപ്പിച്ചു.


ഡിക്സണ് ചേട്ടന്‍ വക ചായയും കുടിച്ച്‌, തിരിച്ച്‌ ഓഫീസിലെത്തിയപ്പോഴാണ് അടുത്ത ഷോക്കുണ്ടായത്‌. അഡ്മിഷനു വേണ്ടി എടുത്ത് വെച്ചിരുന്ന 6 അപേക്ഷാഫോമുകളില്‍ എന്റെ ഫോം മാത്രം കാണാനില്ല, ഹരിയാണെങ്കില്‍ അതെടുത്ത്‌ വെച്ചിരുന്നതാണെന്ന് പറയുന്നുമുണ്ട്.ഇനി അഡ്മിഷന്‍ നടക്കാന്‍ സാധ്യത ഇല്ലെന്ന് സൂപ്രണ്ടിന്റെ മുഖം പരയുന്നുണ്ട്.. എങ്കില്‍ പിന്നെ പോയേക്കാം എന്ന ട്യൂണിലാണമ്മ, അല്ലെങ്കിലും യൂണിഫോമില്ലാത്ത കോളേജിനെന്ത് വില. ഞാനും ഹരിയും കൂടെ മൊത്തം ഫോമുകള്‍ എടുത്ത് പരിശോധിച്ചു, , പക്ഷേ അതിലും അതിനെ കണ്ടു കിട്ടിയില്ല.

ഉള്ളില്‍ നഷ്ടബോധത്തിന്റെ വേദന ഒരു വലിയ കരച്ചിലായി വിങ്ങുന്നുണ്ട്, കണ്ണുനിറയാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഇനി പോകാം എന്നമ്മയോട് പറഞ്ഞു. അപ്പോഴാണ് മാറ്റി വെച്ചിരിക്കുന്ന ആ 5 ഫോമുകളിലൊന്നിനു ഇത്തിരി കനം കൂടുതലില്ലേ എന്ന് അമ്മ സംശയിച്ചത്‌, ഹരി ആ ഫോമെടുത്ത് ഒന്നു കുടഞ്ഞപ്പോള്‍ എന്റെ ഫോം മറ്റൊന്നിനകത്ത്‌ നിന്നു “നിന്നെ പറ്റിച്ചേ“ എന്ന മട്ടില്‍ പുറത്തേക്ക് ചാടി.


അന്ന്‌ മനസ്സ്‌ കൊണ്ട് അവിടെയാടിയ ദപ്പാം കൂത്ത് 2 വര്‍ഷവും തുടര്‍ന്നു. ഏറ്റവും പ്രണയപൂര്‍വ്വം ആ വളവുകളും തിരിവുകളും പൊട്ടിച്ചിരികളോടെ നടന്നു തീര്‍ത്തു. പ്രണയങ്ങളുടെ, സൌഹൃദങ്ങളുടെ, പിണക്കങ്ങളുടെ, സ്വപ്നങ്ങളുടേ, കുറുമ്പുകളുടേ എല്ലാം ആദ്യകാഴ്ച അവിടെ നിന്നായിരുന്നു. ഇടക്കിടെ വെള്ളം നിറയുകയും, പച്ചനിറയുകയും, കായ്കുകയും, കൊയ്തൊഴിഞ്ഞു മരവിച്ച് കിടക്കുകയും ചെയ്തിരുന്ന കോള്‍ പാടം പോലെ തന്നെ വ്യത്യസ്തമായിരുന്നു അലോഷ്യസിലെ പിഡിസി ജീവിതവും. പ്രിയ തുരുത്തിലെ കലാലയമേ നീ തന്നതോളം ഒരിടത്ത്‌ നിന്നും ലഭിച്ചിട്ടില്ല, നിന്നോളമില്ല പിന്നെ വന്ന ഒരു കലാലയവും.

Saturday 1 October 2016

മൊട്ടപഫ്സായ നമ:



എഗ് പഫ്സില്ലേ...നമ്മ്ടെ മൊട്ടപഫ്സ്
എന്താ നിങ്ങടെ അഭിപ്രായം.... ഒരു കിടിലം സാധനമല്ലേന്ന്?..

ദിവാസ്വപ്നം കാണുന്ന സുന്ദരിമാരുടെ പാതികൂമ്പിയ കണ്ണുകൾ പോലെ മുഴുവൻ മൂടാത്ത രണ്ടു കരുകരുത്ത പഫ്സ് പാളികൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന മുട്ടക്കുട്ടൻ.....

ഓർക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു ..ഒരു ഇത് വരുന്നില്ലേ..... അതാണ്.....

പ്രസ്തുത മഹാസംഭവം....ഈയുള്ളവളുടെ ഒരു weakness ആയിരുന്നു എന്ന് അറിയാവുന്ന പലരും ഇതിനെ ഒരു ആയുധമായി അന്നും ഇന്നും ഉപയോഗിക്കുകയും ഉപയോഗിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട് എന്നത് മറ്റൊരു പരമസത്യം

എന്നാ പിന്നെ ഒരിത്തിരി ഫ്ലാഷ്ബാക്ക് ആയാലോ........

പ്രീഡിഗ്രീ രണ്ടാം... വർഷം 1994-95 കാലഘട്ടം..... ...
എക്സ്കർഷൻ ചർച്ചാ സീസൺ!!!!!!!!
കൊണ്ട് പിടിച്ച ചർച്ചകൾക്കും വോട്ടെടുപ്പിനും ശേഷം ഞങ്ങൾ ഫസ്റ്റ്ഗ്രൂപ്പുകാരും ആഞ്ഞൊന്ന് എക്സ്കർഷിക്കാൻ തീരുമാനിച്ചു...ക്ഷമിക്കുക് Destination ഓർമ്മയില്ല...(പത്തിരുപത് കൊല്ലം മുൻപത്തെ കാര്യമല്ലേ!!)
സംഗതി ഏതോ HillStation ലേക്കാണ്.

നമ്മുടെ എല്ലാ ഗാങ്ങും പോകുന്നു........നമ്മൾ മാത്രം മോശമായാൽ പറ്റുമോ...?
പതിയേ വീട്ടിലേ ലോക്കൽ കമ്മറ്റി(മമ്മി).... യിൽ തഞ്ചത്തിൽ....കാര്യം അവതരിപ്പിച്ചു...

(ലോക്കൽ കമ്മറ്റി ബില്ല് പാസ്സാക്കിയാൽ High Commissionൽ വല്യ പ്രശനം ഉണ്ടാവാറില്ല സാധാരണ...........)
ദുര്യോധന വധം കഥകളിയിലെ കത്തിവേഷം നോക്കുന്ന ഒരു നോട്ടം കിട്ടി....

നോ ഡയലോഗ്..

തോം തോം തോം !!!!

നമ്മുക്ക് കമ്പ്ലീറ്റ് കാര്യം മനസ്സിലായി.......
High Commission ൽ പോകാനേ പോയില്ല...
ഇനിയിപ്പൊ എന്ത ഒരു.....മാർഗ്ഗം....
എന്തെങ്കിലും ഉടനെ ചെയ്തില്ലങ്കിൽ...... സംഗതി പാളും!!
സോ വളരേ കൂലംകഷമായി....ചിന്തിച്ച്.......വളരേ ....കഷ്ടപ്പെട്ട് ഒരു ബുദ്ധി . അങ്ങോട്ട്..പ്രയോഗിച്ചു.....
നമ്മളാരാ മോൾ!!!
നേരെ നമ്മുടെ സുഹൃത്ത് സംഘത്തിലെ കണ്ടാൽ ഒരു നിഷ്ക്കളങ്ക ലുക്ക് ഉള്ള എല്ലാവരേയും ...വട ,ബോണ്ട .....ഇത്യാദി കൈക്കൂലികൾ ഓഫർ ചെയ്തു (കാര്യം നടക്കേണ്ടെ ഭായി!!) ചാക്കിട്ട് പിടിച്ച് ഒരുച്ച നേരത്ത് വീട്ടിൽ നിരത്തി....
"ആന്റീ രശ്മീനെ ടൂറിനു വിട്വോ...,ഞങ്ങളെല്ലാവരും പോകുന്നുണ്ട് " .......(കോറസ്സ്)
ഇൻസെറ്റിലെ രശ്മിയുടെ മുഖത്ത് "പാവം കുഞ്ഞാടിന്റെ" മുഖഭാവം..
മമ്മിയുടെ മറുപടി yes ചാഞ്ഞു ചാഞ്ഞില്ല .....അങ്ങനെ ആടി നിൽക്കുമ്പോഴാണ്...
ആ അപ്രതീക്ഷിതമായ Entry ഉണ്ടായത്...... My Only Bro…
എന്റെ നേരാങ്ങള ...ആരോമലാങ്ങള ..... സുമുഖന്‍, യുവകോമളന്‍ ,എം ബി എ .
പക്ഷെ ...ഇതു പോലൊരു ബ്രൂട്ടസ്‌ സ്വപ്നങ്ങളിൽ മാത്രം...

കോമളന്‍ വഴിയരികില്‍ പതിയിരിക്കുന്ന അപകടങ്ങളെ പറ്റി , ഭവിഷ്യത്തുകളെ പറ്റി , .... Facts , Figures, Barchart, Histogram അടക്കം

എന്റെ റ്റീമിനു നെടുനീളത്തില്‍ ക്ളാസ്സ്‌ എടുത്ത്‌ ..

ആ ടൂറ്‍ സ്വപ്നത്തിണ്റ്റെ ഗോളിയില്ലാ ഗോള്‍ പോസ്റ്റ്‌ ഗോളടിച്ച്‌ തകര്‍ത്തു.

വിന്‍സി ,ഷീന , സൊണിയ എന്നിങ്ങനെ ഞാനിറക്കിയ റൊണാള്‍ഡൊയും മറഡോണയും,പെലേയും ഒക്കെ വെറും ഭാവാഭിനയം മാത്രം കാഴ്ച വെച്ച്‌ അന്തം വിട്ടിരുന്നു
"എന്നാ ശരി !!! ഞങ്ങൾ പോകട്ടെ ആന്റീ........."

"അതേ അതേ ട്യൂഷനു പോകാൻ സമയം ആയി........"

പണ്ട് Godfather സിനിമയിൽ "ഇങ്ങനെ പോയാൽ ഇവര് നിന്നെ ടൂറിന് വിടില്ലാന്ന് മാത്രല്ല ചിലപ്പോ ഞങ്ങളേയും പോകാൻ സമ്മതിക്കില്ല...." എന്ന് ജഗദീഷണ്ണൻ പറഞ്ഞ line ൽ ഒരു നോട്ടവും എന്നെ നോക്കി...എന്റെ സുഹൃത്ത് സംഘം തടിതപ്പി..... ഓടിരക്ഷപ്പെട്ടു

" പിന്നേ ലവള്‍ പടകളേയും കൊണ്ട്‌ വന്നിരിക്യാ..... "

ബ്രൂട്ടസ്‌ രണ്ട്‌ ലോഡ്‌ പുച്ഛവും സ്പോട്ടില്‍ ഡവ്ണ്‍ലോഡ്‌ ചെയ്ത്‌ ആത്മ നിര്‍വൃതി നേടി...

കര്‍ത്താവേ !! മാനം കപ്പലു കേറി പെനാഗി ലെക്കൊ കൊളംബിലേക്കൊ പോകുന്നതിനു മുന്നേ..എന്തെങ്കിലും ചെയ്തേ പറ്റൂ....

ഗാന്ധിജി യെ മനസ്സാ നമിച്ച്‌ ...... അങ്ങോട്ട്‌ തുടങ്ങി....

മൂരാച്ചികള്‍ തുലയട്ടെ.!!!

നിരാഹാരം!!....സത്യാഗ്രഹം!!..... നോ മിണ്ടാട്ടം !! ( ഹോ !! കാന്റീനില്‍ ചെന്നു രണ്ടു മസാല ദോശ തട്ടിയത്‌ എത്ര ബുദ്ധിയായി !!! )

ഒന്നാം ദിവസം വന്‍ വിജയം...

രണ്ടാം ദിവസം..സംഭവ ബഹുലം... !!ഉപദേശം !!സാന്ത്വനം ...

High commission . ന്റെ നേരിട്ടുള്ള ഇടപെടല്‍ .. പൊടിപൂരം


ഇല്ല ...ഇല്ല ...മരണം വരെയും സമരം ചെയ്യും....


ഭഗത്സിംഗ്‌ ,ലാലാ ലജ്പത്‌ റായ്‌ അങ്ങനെ ധീരവീര ഭാരത പുത്രന്‍മാരുടെ സമരവീര്യം ഉള്‍കൊണ്ട്‌...... ഈയുള്ളവളും ...


വ്യക്തി സ്വാതന്ത്യ്ര ത്തിനു ഈ നാട്ടില്‍ ഒരു വിലയില്ലാന്നു വെച്ചാല്‍....


ഹല്ല പിന്നെ!!!


********************************************************************************
പതുക്കേ ..സാന്ത്വനങ്ങളും ഭക്ഷണത്തിനുള്ള വിളികളും...നിന്നു...
എന്തൊക്കെ ബഹളമായിരുന്നു...

താന്തിയാതോപ്പീ ...ഉണ്ണാവ്രതം ... ദണ്ഡി യാത്രാ......ഉപ്പ്‌..... @#$%&&*

പാമ്പ്‌ കടിക്കാനായിട്ട്‌ ....ടൂറിനു പോയില്ലെങ്കിലും ...ഈ സമരം ഒന്ന് ഒത്തുതീര്‍പ്പാക്കാന്‍ പോലും ഒരു മനുഷ്യക്കുഞ്ഞിനെ  കാണാനില്ല...

വല്ലതും അകത്തു പൊയിട്ടാണേ 48 മണിക്കൂറെങ്കിലും ആയി..

മസാല ദോശ ദഹിച്ച്‌ ... അത്‌ കിടന്നിരുന്ന സ്ഥലത്തെ കുടല്‍ കരിഞ്ഞ മണം വരെ വരാന്‍ തുടങ്ങി..

ണിം.. ണിം...

ആരോ കോളിംഗ്‌ ബെല്‍ അടിച്ചു

അടുത്ത വീട്ടിലെ വെളുത്ത്‌ സുന്ദരിയായ ആനിയേണ്റ്റിയാണ്‌...

വിശപ്പ്‌ മൂത്ത്‌ വെരുകിനെ വെല്ലുന്ന സ്പീഡില്‍ നടന്നു തുടങ്ങിയ ഞാന്‍ പാളി നോക്കി...

പുത്തന്‍ യൂണിഫോറം അണിഞ്ഞിരിക്കുന്ന നഴ്സറി ക്കുട്ടികളെ പോലെ പ്ളേറ്റില്‍ നിരനിരയായി മുട്ടപഫ്സുകള്‍...

Drawing റൂമില്‍ വമ്പന്‍ സല്‍ക്കാരം പൊടിപൊടിക്കുന്നു..

"ഇവര്‍ക്കെന്താ വീട്ടില്‍ ഒരു പണിയും ഇല്ലേ !!"..ഞാന്‍ നടപ്പ്‌ തുടറ്‍ന്നു...

ക്ണിം ...ഗേറ്റ്‌ അടക്കുന്ന ശബ്ദം...

മമ്മി Seeing Off യജ്ഞവുമായി ഗേറ്റിലാണ്‌...

പ്ളേറ്റില്‍ ഒന്നും സംഭവിക്കാതെ മുട്ടപഫ്സുകള്‍ വെച്ചതു പോലെ തന്നെയിരിക്കുന്നു... ഒന്നു നുള്ളിനോവിച്ചിട്ട്‌ പോലും ഇല്ല..

ആനിയേണ്റ്റിക്ക്‌ സ്തോത്രം !!!

അവസരം അവസരോചിതമായി ഉപയോഗിച്ച്‌.. സൂക്ഷ്മ ബുദ്ധിയോടെ കുളത്തിലേക്ക്‌ ഊളിയിടുന്ന പൊന്‍മാണ്റ്റെ അതേ വഴക്കത്തോടെ.. പഫ്സുകളിലൊന്നില്‍ പിടുത്തം മുറുക്കിയില്ല....

"പകുതി എണ്റ്റെയാ ട്ടാ"..."അല്ലാ നെണ്റ്റെ ധര്‍ണ്ണ ഒക്കെ കഴിഞ്ഞാ.... "

വീണ്ടും ബ്രൂട്ടസ്‌... എന്തൊരു റ്റൈമിങ്ങ്‌... അപാരം !!

"ഉവ്വ കഴിഞ്ഞു !!...അതിനിപ്പ എന്താ .."

എന്ന്‌ കാണ്ടാ മൃഗത്തെ തൊല്‍പ്പിക്കുന്ന തൊലിക്കട്ടിയോടെ പറഞ്ഞിട്ട്‌..
പ്ളേറ്റോടെ റൂമിലേക്ക്‌ സ്കൂട്ടായതും വളരേ പെട്ടന്നായിരുന്നു.

അങ്ങനെ മുട്ടപഫ്സ്‌ പിന്നേയും താരമായി....

അതാ ഞാന്‍ ആദ്യേ പറഞ്ഞത്‌...
ഈ മുട്ടപഫ്സ്‌ ഒരു ജാതി സാധനാണെണ്റ്റെ ഗഡീീീീ.............